
താനൂർ: ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനുസ്ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച ദോഹയിൽ തുടക്കമായി. ഇസ്ലാഹുല് ഉലൂം മിഷന് 2030 പദ്ധതിയുടെയും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചുചേർന്ന അന്താരാഷ്ട്ര സെമിനാറോടെയാണ് താനൂർ വലിയകുളങ്ങര പള്ളിയോട് ചേർന്ന് പ്രത്യേക പഠന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിക്ക് സമാരംഭം കുറിച്ചത്.
ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിൽ 'അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ :- ഭാഷയും സംസ്കാരങ്ങളും സഞ്ചരിച്ച വഴികള്‍' എന്ന പ്രമേയത്തിൽ നടന്ന സെമിനാര്‍ ഇസ്ലാഹുല് ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സി.എം അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. ശിഹാബുദ്ദീന് ഹുദവി, ഡോ. അലി അക്ബര്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചരിത്രവിഭാഗത്തിലെ റിസര്‍ച്ച് സ്കോളര്‍ മാഹിര്‍ അസ്സാഹിര്‍ മോഡറേറ്ററായിരുന്നു. അസ്ലഹി നൈസാം ഹുദവി ആമുഖ പ്രസംഗവും അസ്ലഹി സുനൈസ് ഹുദവി ഉപസംഹാരവും നടത്തി.
ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ചരിത്ര വിഭാഗം തലവൻ ഇസ്സാം നസ്സാർ, അസി. പ്രൊഫസർ അബ്ദുറഹ്മാൻ അൽ ഇബ്രാഹിം എന്നിവരും ഖത്തർ നാഷണൽ ലൈബ്രറി, അൽ ജസീറ പ്രതിനിധികളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർഥികളും സെമിനാറിൽ സന്നിഹിതരായിരുന്നു. താനൂരിലെ കയ്യെഴുത്തു ഗ്രന്ഥങ്ങളുടെ ശേഖരത്തിൽ കൗതുകം പ്രകടിപ്പിച്ച ഇവർ മാനുസ്ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.











